കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശ്രീനാരായണഗുരു: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് കേരളം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുവിനോടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതി–മത ചിന്തകളുടെ പേരിൽ സംഘർഷങ്ങളും അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലും, കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്തായി നിലനിൽക്കുന്നതിന് കാരണം ഗുരു ഒരുക്കിയ ദൃഢമായ അടിത്തറയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും പ്രചരണവും കേരളത്തെ ഇന്നത്തെ പുരോഗമന സമൂഹമായി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ–പുരോഗമന പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ കേരളം. ഗുരുവിന്റെ ആഹ്വാനങ്ങൾ സമൂഹം ഏറ്റെടുത്ത് മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ മാറ്റം.
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ വെങ്കലശില്പം സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവോത്ഥാന മൂല്യങ്ങളെ വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യം.

പ്രശസ്ത ശില്പി ഉണ്ണി കാനായി 50 ലക്ഷം രൂപ ചെലവിൽ രണ്ട് വർഷം കൊണ്ടാണ് എട്ടടി ഉയരമുള്ള ഈ വെങ്കലശില്പം പൂർത്തിയാക്കിയത്. ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ, സ്വാമി ശുഭാംഗാനന്ദ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യാ എസ്. അയ്യർ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക