യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാഹുലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ തെറ്റുകൾ സംഭവിച്ചതായി ബോധ്യപ്പെട്ടതിനാലാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതെന്നും, അതിനുശേഷം നടക്കുന്ന കാര്യങ്ങളിൽ കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. മൂന്നാമത്തെ പീഡനപരാതി കേസിൽ രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കൊപ്പം നിർത്താൻ കഴിയാത്ത വ്യക്തിയാണെന്ന് ഉറപ്പായതിനാലാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചതെന്ന് മുരളീധരൻ പറഞ്ഞു. “പ്രയോഗിക്കേണ്ട സമയത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ഇനി ബാക്കിയുള്ള കാര്യങ്ങളിൽ സർക്കാർയും പൊലീസും ഉചിതമായ തീരുമാനമെടുക്കട്ടെ. രാഹുൽ നേരത്തെ തന്നെ രാജിവെച്ച് പോകേണ്ടതായിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ രാജിവെക്കണമെന്ന് പറയാൻ നിവൃത്തിയില്ല. പുറത്താക്കിയ ശേഷം വിപ്പ് ബാധകമല്ല; സസ്പെൻഡ് ചെയ്താൽ മാത്രമാണ് വിപ്പ് ബാധകമാകുക. അതിനാലാണ് ആദ്യം സസ്പെൻഡ് ചെയ്തത്. എന്നാൽ പിന്നീട് ഗുരുതരമായ ആരോപണങ്ങൾ വീണ്ടും ഉയർന്നു, അതിജീവിതമാരുടെ എണ്ണവും വർധിച്ചു. അപ്പോഴാണ് പുറത്താക്കൽ നടപടിയെടുത്തത്,” അദ്ദേഹം പറഞ്ഞു.
മറ്റ് പാർട്ടികളെപ്പോലെ തെറ്റുകാരെ ന്യായീകരിക്കുന്ന സംസ്കാരം കോൺഗ്രസിനില്ലെന്നും മുരളീധരൻ വ്യക്തമാക്കി. തെറ്റ് ചെയ്താൽ അതിന് ഉത്തരവാദിയായ വ്യക്തിയെ പാർട്ടി ശിക്ഷിക്കുമെന്നും, “ഞങ്ങളുടെ പാർട്ടി ചെയ്താൽ എല്ലാം ശരി, മറ്റ് പാർട്ടികൾ ചെയ്താൽ എല്ലാം തെറ്റ്” എന്ന സമീപനം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുകാരെയോ സ്ത്രീലമ്പടന്മാരെയോ കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പ്രസ്ഥാനമാണെന്നും മറ്റ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കേണ്ട സംഘടനയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
