സ്വന്തം സമുദായത്തിന് നീതി ആവശ്യപ്പെട്ട് സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “വർഗീയവാദിയാക്കിയാലും സമുദായത്തിനുവേണ്ടി നിലകൊള്ളുന്നതിൽ മാറ്റമില്ല” എന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ തൃശ്ശൂർ യൂണിയൻ ആദരിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ചില പച്ചയായ സത്യങ്ങൾ തുറന്നു പറയുമ്പോൾ അത് ചിലർക്കു അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും ഒരു കുടിപ്പള്ളിക്കൂടം പോലും ലഭിച്ചില്ലെന്ന യാഥാർത്ഥ്യം താൻ ഉന്നയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ അനീതികൾ ചൂണ്ടിക്കാണിച്ചതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം സമുദായത്തെയോ അവരുടെ അവകാശങ്ങളെയോ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
“നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വർഗീയവാദിയാകും. എന്നാൽ 24 മണിക്കൂറും ജാതിയും മതവും രാഷ്ട്രീയവും പറയുന്നവർ മിതവാദികളായി വാഴ്ത്തപ്പെടുന്നു” എന്ന് അദ്ദേഹം പരിഹസിച്ചു. അർഹമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വർഗീയതയല്ല, അത് സാമുദായിക നീതിക്കായുള്ള പോരാട്ടമാണെന്നും അദ്ദേഹം അടിവരയിട്ടു.
എല്ലാവരോടും സഹോദരത്വത്തോടെ നിന്നിട്ടും ഒന്നും ലഭിച്ചില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. “വാ സോദരാ എന്ന് പറഞ്ഞ് ആരും നമ്മളെ വിളിച്ചില്ല. പലരും സംഘടിച്ച് ശക്തമായ വോട്ട് ബാങ്കുകളായി മാറി രാഷ്ട്രീയ അധികാരം ഉപയോഗിച്ച് അവകാശങ്ങൾ നേടിയെടുത്തു.” സാമുദായിക നീതി ലഭിക്കണമെങ്കിൽ സമുദായം ഒന്നായി നിലകൊള്ളണമെന്നും വോട്ട് ബാങ്കായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
