വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ച് ഉദ്ധവ്–രാജ് താക്കറെ സഖ്യം; മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടി

വർഷങ്ങളായുള്ള പിണക്കം മറന്ന് അർധസഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നു. ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സഖ്യത്തിലേക്ക് നീങ്ങുന്നത്. ഈ ആഴ്ച തന്നെ സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. ഇനി കോൺഗ്രസുമായി കൈകോർക്കേണ്ടതില്ലെന്ന തീരുമാനത്തിലും ഇരുവരും എത്തിച്ചേർന്നതായി റിപ്പോർട്ടുണ്ട്.

2024ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ വീണ്ടും ഒന്നിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മഹാ വികാസ് അഘാടി സഖ്യത്തിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതിന് പിന്നാലെ ഉദ്ധവും രാജും തമ്മിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നിരുന്നു.

ഇരുവർക്കും രാഷ്ട്രീയമായി നിർണായകമായ മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പാണ് ഇനി മുന്നിലുള്ളത്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ തങ്ങളുടെ സ്വാധീനം എത്രമാത്രമാണെന്ന് നിർണയിക്കുന്ന പോരാട്ടമായിരിക്കും ഇത്. മറാത്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും പുതിയ സഖ്യത്തിന്റെ മുഖ്യനിലപാടെന്ന് ഉദ്ധവും രാജും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക