യുഎസ്-സൗദി ഉടമ്പടി; സൗദിയെ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കുമെന്ന് ആശങ്ക

സൗദി അറേബ്യയ്ക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ സാധ്യത സൃഷ്ടിക്കാവുന്ന കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആണവ സഹകരണ കരാറിന് അമേരിക്ക അന്തിമരൂപം നൽകുകയാണെന്ന് Arms Control Association (എസിഎ) മുന്നറിയിപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാകാത്ത പക്ഷം പുതിയ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വർഷം അമേരിക്കയും സൗദിയും ദീർഘകാലമായി കാത്തിരുന്ന സിവിൽ ആണവ സഹകരണ ചട്ടക്കൂടിന് രൂപം നൽകി. ഇതിലൂടെ യുഎസ് കമ്പനികൾക്ക് സൗദിയുടെ ആദ്യ ആണവ റിയാക്ടർ പദ്ധതികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിർദ്ദേശിച്ചിരിക്കുന്ന ‘123 കരാർ’ പ്രാബല്യത്തിൽ വന്നാൽ യുഎസ് ആണവ സാങ്കേതികവിദ്യ, ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങും. നവംബറിൽ ട്രംപ് ഭരണകൂടം കോൺഗ്രസിന് പ്രാരംഭ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ കരാറിൽ കർശനമായ ആണവ നിർവ്യാപന സുരക്ഷാ വ്യവസ്ഥകൾ ഇല്ലെന്നും, സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് വഴിതുറക്കുന്നതായിരിക്കാമെന്നും റിപ്പോർട്ട് പരിശോധിച്ച എസിഎ മുന്നറിയിപ്പ് നൽകി. ആണവ നിർവ്യാപന നയ വിഭാഗം മേധാവി കെൽസി ഡാവൻപോർട്ട്, നിർവ്യാപന അപകടസാധ്യതകളും കരാർ സൃഷ്ടിക്കുന്ന മാതൃകയും ഭരണകൂടം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന ആശങ്ക ഉയർത്തി.

സൗദിയുടെ സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാധ്യതകൾ തടയണമെന്നതും അന്താരാഷ്ട്ര നിരീക്ഷണ ഏജൻസികളുടെ കർശന മേൽനോട്ടം ഉറപ്പാക്കണമെന്നതുമാണ് അമേരിക്കയുടെ ദീർഘകാല നയം. നിർദ്ദേശിച്ച കരാർ ഈ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് എസിഎ ചൂണ്ടിക്കാട്ടി. കരാർ സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോൺഗ്രസിനോട് ഡാവൻപോർട്ട് ആവശ്യപ്പെട്ടു.

ഫെബ്രുവരി അവസാനത്തോടെ കരാർ കോൺഗ്രസിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് 90 ദിവസത്തെ അവലോകന കാലയളവ് ഉണ്ടായിരിക്കും. ഇരു സഭകളും എതിർക്കാത്ത പക്ഷം കരാർ പ്രാബല്യത്തിൽ വരും.

ആണവായുധങ്ങൾ ലക്ഷ്യമല്ലെന്നും, ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും എണ്ണ കയറ്റുമതിക്ക് സംരക്ഷിക്കാനുമാണ് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതെന്നും സൗദി അറേബ്യ വ്യക്തമാക്കുന്നു. എന്നാൽ ഇറാൻ ആണവായുധങ്ങൾ പിന്തുടരുകയാണെങ്കിൽ റിയാദും അതേ വഴി സ്വീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനോട് മുഴുവൻ സമ്പുഷ്ടീകരണവും നിർത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. കരാറിലെത്തിയില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇറാൻ ആണവായുധങ്ങൾ തേടുന്നുവെന്ന ആരോപണം ട്രംപ് ആവർത്തിച്ചുവരുമ്പോൾ, ടെഹ്‌റാൻ അത് നിഷേധിക്കുന്നു. ഊർജ്ജ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പൂജ്യം സമ്പുഷ്ടീകരണം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. അടുത്ത ആഴ്ച യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക