മുൻ പ്രധാനമന്ത്രി നൂറി അൽ-മാലികി വീണ്ടും അധികാരത്തിലെത്തിയാൽ ഇറാഖ് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അൽ-മാലിക്കിയുടെ തിരിച്ചുവരവ് ഇറാഖിന്റെ എണ്ണ വരുമാനത്തിൽ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്ക നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം ഇറാഖിലെ ഷിയാ വിഭാഗം പാർലമെന്റിൽ അൽ-മാലിക്കിയെ മൂന്നാം തവണയും പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തിരുന്നു. ഇറാനുമായി അടുത്ത ബന്ധമുള്ള നേതാവായി അമേരിക്ക കാണുന്ന അൽ-മാലിക്കിയുടെ തിരിച്ചുവരവ്, പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. 2006 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അൽ-മാലിക്കി, 2003 ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് ശേഷം ഈ പദവിയിൽ എത്തിയ ആദ്യ നേതാവായിരുന്നു.
അൽ-മാലിക്കിയുടെ തിരിച്ചുവരവ് തടയാൻ വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസങ്ങളായി ഇറാഖിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട് . അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയാൽ ഇറാഖിന്റെ എണ്ണ കയറ്റുമതി വരുമാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎസ് തയ്യാറാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
യുഎസ് അധിനിവേശത്തിന് പിന്നാലെ രൂപപ്പെട്ട സംവിധാനപ്രകാരം, ഇറാഖിന്റെ എണ്ണ വരുമാനം യുഎസിന്റെ മേൽനോട്ടത്തിലാണ്.
രാജ്യത്തിന്റെ ബജറ്റിന്റെ 90 ശതമാനത്തിലധികം അമേരിക്ക നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്. എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇറാഖ് ധനകാര്യ മന്ത്രാലയത്തിന്റെ പേരിൽ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു. ശമ്പളങ്ങൾ, പെൻഷനുകൾ, സർക്കാർ ചെലവുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നത് കേന്ദ്ര ബാങ്ക് വഴിയാണ്.
അൽ-മാലിക്കി വീണ്ടും അധികാരത്തിലെത്തിയാൽ യുഎസ് “ഇറാഖിനെ ഇനി സഹായിക്കില്ല” എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. അൽ-മാലിക്കി “ഭ്രാന്തൻ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും” പിന്തുടരുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. യുഎസ് സമ്മർദ്ദത്തെ പ്രതിരോധിക്കാൻ ഇറാൻ തങ്ങളുടെ ഇറാഖി രാഷ്ട്രീയ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കൻ നടപടികളെ “നഗ്നമായ ഇടപെടൽ” എന്ന് വിശേഷിപ്പിച്ച അൽ-മാലിക്കി, പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഇറാഖിന്റെ പരമാധികാര വിഷയമാണെന്ന് വ്യക്തമാക്കി. ഇറാഖിലെ അധികാര പങ്കിടൽ സംവിധാനപ്രകാരം പ്രധാനമന്ത്രി പദവി ഷിയാ രാഷ്ട്രീയക്കാരനുള്ളതായിരിക്കുമ്പോൾ, പ്രസിഡന്റായി കുർദും പാർലമെന്റ് സ്പീക്കറായി സുന്നിയും എത്തുന്ന രീതിയാണ് നിലവിലുള്ളത്.
25 വർഷത്തോളം പ്രവാസജീവിതം നയിച്ച അൽ-മാലിക്കി, സദ്ദാം ഹുസൈന്റെ സുന്നി നേതൃത്വത്തിലുള്ള ഭരണകൂടത്തെ യുഎസ് അട്ടിമറിച്ചതിന് ശേഷമാണ് ഇറാഖിലേക്ക് തിരിച്ചെത്തിയത്. യുഎസ് പിന്തുണയോടെ നടപ്പാക്കിയ ‘ഡി-ബാത്തിഫിക്കേഷൻ’ നടപടികൾ വിഭാഗീയ അക്രമങ്ങൾക്കും സുന്നി തീവ്രവാദത്തിനും വഴിവെച്ചുവെന്നാണ് വിമർശകരുടെ ആരോപണം.
യുഎസ് അധിനിവേശവും അതിന്റെ തുടർച്ചയായ രാഷ്ട്രീയ–സാമ്പത്തിക ഇടപെടലുകളും ഇറാഖിൽ വ്യാപകമായ അക്രമത്തിനും അസ്ഥിരതയ്ക്കും കാരണമായതായി നിരവധി സർവേകളും റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് മരണങ്ങളും ദീർഘകാല സാമൂഹിക–സാമ്പത്തിക പ്രത്യാഘാതങ്ങളും രാജ്യത്തിന് നേരിടേണ്ടിവന്നുവെന്നാണ് വിലയിരുത്തൽ.
