ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടി. സിഎംഡിആർഎഫിലേക്ക് (Chief Minister’s Distress Relief Fund) സംഭാവന നൽകിയവർക്കു നന്ദി അറിയിക്കുന്നതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാനാണ് ഉദ്ദേശ്യമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു. അനുമതി നൽകുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ വാട്സ്ആപ് സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത് സ്വകാര്യത ലംഘനമാണെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ആരാഞ്ഞു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ആരോപിക്കുന്നതെന്നും കോടതി ചോദിച്ചു.
സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതിന് പിന്നാലെയാണ് ജീവനക്കാർക്ക് സന്ദേശം അയച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ചുമതലകളുള്ള മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജിക്കാരുടെ പരാതിക്ക് ആസ്പദമായ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സർവീസ് സംബന്ധമായ കാര്യങ്ങൾ മാത്രമാണെന്നും, സന്ദേശം രാഷ്ട്രീയപരമാണെന്ന ആരോപണം ഹർജിക്കാരുടെ സങ്കൽപ്പമാത്രമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
