മലയാളികളുടെ സ്വന്തം ഗന്ധർവ ഗായകൻ ഡോ. കെ. ജെ. യേശുദാസിന് ഇന്ന് 86-ാം പിറന്നാൾ. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കി മാറ്റിയത് യേശുദാസിന്റെ അതുല്യമായ ശബ്ദമാണ്. നിത്യവിസ്മയമായി, നമ്മുടെ ജീവിതങ്ങളോട് അവിഭാജ്യമായി ചേർന്നു നിൽക്കുകയാണ് അദ്ദേഹത്തിന്റെ ഗാനാലാപനം.
1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലൂടെയാണ് ഇരുപത്തൊന്നുകാരനായ യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്യപ്പെടുന്നത്. 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസ്, പ്രശസ്ത സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനാണ്. ഏഴ് മക്കളിൽ രണ്ടാമനായി ജനിച്ച അദ്ദേഹം ബാല്യകാലം മുതൽ തന്നെ സംഗീതത്തിലേക്ക് വഴിതിരിഞ്ഞിരുന്നു.
മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് യേശുദാസ് ഒരു പിന്നണി ഗായകൻ മാത്രമല്ല; പ്രണയം, വിരഹം, ദുഃഖം, നിരാശ, സന്തോഷം എന്നിവയെല്ലാം ഒരേ ശബ്ദത്തിലൂടെ അനുഭവിപ്പിക്കുന്ന വികാരസാന്നിധ്യമാണ്. സൗമ്യവും കാമുകവുമായ ശബ്ദത്തിൽ യേശുദാസ് പാടുമ്പോൾ അതിരില്ലാത്ത പ്രണയം ഗാനങ്ങളിലൂടെ ഒഴുകിപ്പരന്നു. തലമുറകളുടെ പ്രണയ-വിരഹ ഗായകനായി അദ്ദേഹം മാറി.
ജാതിമതഭേദമന്യേ, അനേകം ഭക്തിഗാനങ്ങളിലൂടെയും യേശുദാസ് ശ്രോതാക്കളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണർത്തുന്ന ശബ്ദമായി അദ്ദേഹത്തിന്റെ സ്വരം മാറുകയായിരുന്നു. ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, എം. എസ്. ബാബുരാജ്, എം. കെ. അർജുനൻ, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയ പ്രതിഭാധന സംഗീതസംവിധായകർ ഒരുക്കിയ ഈണങ്ങൾ യേശുദാസിന്റെ ശബ്ദത്തിൽ അമരമായി.
സംഗീതം നിലനിൽക്കുന്നിടത്തോളം കാലം, ആ ഗന്ധർവനാദം നമ്മുടെ കാതുകളിൽ തേന്മഴയായി പെയ്തുകൊണ്ടേയിരിക്കും.
