ആദിത്യ ദർ സംവിധാനം ചെയ്ത ധുരന്ധര്‍ 2: ദ റിവഞ്ച് സിനിമക്കെതിരെ നടൻ പ്രകാശ് രാജ് രംഗത്ത്. സോഷ്യൽ മീഡിയയിലെ രണ്ട് പോസ്റ്റുകളിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
ആദ്യ പോസ്റ്റായി 1961ൽ പുറത്തിറങ്ങിയ ഹം ദോനോ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമായ അഭി ന ജാവോ ഛോഡ് കെ റേഡിയോയിൽ കേൾക്കുന്ന ഒരു വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. “ധുരന്ധറിൽ നിന്ന് ഒരുപാട് ദൂരെയാണ് ഞാൻ… നിങ്ങളോ?” എന്ന കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ്.
രണ്ടാമത്തെ പോസ്റ്റിൽ, സിനിമയെ പ്രശംസിച്ച തെലുങ്ക് താരങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ജൂനിയർ എൻടിആർ, മഹേഷ് ബാബു എന്നിവർ ചിത്രത്തെ പ്രശംസിച്ച സാഹചര്യത്തിൽ, “ഏതെങ്കിലും ബോളിവുഡ് താരം ട്വീറ്റ് ചെയ്തോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. “കടപ്പാടിന്റെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു ഈ പ്രതികരണം.
അതേസമയം, ചിത്രത്തെ കുറിച്ച് തെലുങ്ക് സിനിമാ താരങ്ങൾ അനുകൂല പ്രതികരണമാണ് പങ്കുവച്ചത്. സാങ്കേതിക മികവും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അവതരണവുമാണെന്ന് അല്ലു അർജുൻ അഭിപ്രായപ്പെട്ടു. രാം ചരണ, ജൂനിയർ എൻടിആർ, മഹേഷ് ബാബു, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തെ പ്രശംസിച്ചു.
വിമർശനങ്ങൾ ഉയരുന്നതിനിടയിലും ധുരന്ധര്‍ 2 ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്.
