വിവാദമായ ‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം പരിശോധിക്കാൻ കേരളാ ഹൈക്കോടതി തീരുമാനിച്ചു. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി സിനിമ നേരിട്ട് കാണാൻ തീരുമാനിച്ചത്. നാളെ ചിത്രം കോടതി കാണും.
കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സിനിമയുടെ പ്രമോഷൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നുവെന്നും, ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യക്കാരെയാണെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തെക്കുറിച്ചുള്ള സിനിമയാണെന്ന് പറയുമ്പോഴും അവതരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വാദം.
ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയതാണെന്ന അവകാശവാദം പരിശോധിക്കേണ്ടതുണ്ടെന്നും ഉള്ളടക്കം എന്താണെന്ന് വ്യക്തമാകണമെന്നും കോടതി വ്യക്തമാക്കി. ഇത് കേരളത്തിന്റെ പ്രതിഛായയെ ബാധിക്കാമെന്ന ആശങ്കയും കോടതി രേഖപ്പെടുത്തി.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി സമർപ്പിച്ചത്. ഇതിനകം സെൻസർ ബോർഡിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുമിടയാക്കുമെന്നാണ് ഹർജിക്കാരന്റെ വാദം.
