മതനിരപേക്ഷതയെ കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയാകുന്നതിനിടെ, അതിനെ പ്രശംസിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ രംഗത്തെത്തി.
“‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളും ഉറപ്പാക്കാനായാല്‍ മതനിരപേക്ഷത സ്വയം നടപ്പാകുന്ന കാര്യമാണ്; മതനിരപേക്ഷത തന്നെയാണ് എന്റെ ‘മതം’” — എന്ന മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
ഈ നിലപാടിനെയാണ് കെ.കെ. ശൈലജ അഭിനന്ദിച്ചത്. “പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കുന്നവരാണ് എന്ന് കാണുന്നത് ആശ്വാസവും അഭിമാനവും നല്‍കുന്നു. മീനാക്ഷിക്കുട്ടിക്ക് ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍,” എന്നാണ് ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
”മത മതിലുകള്‍ക്കപ്പുറമാണ്. മതനിരപേക്ഷത. ചോദ്യം: നമ്മുടെ നാട്ടില്‍ മതനിരപേക്ഷതയെന്നത് പൂര്‍ണ്ണമായ അര്‍ഥത്തില്‍ സാദ്ധ്യമാണോ. വളരെ വലിയ അര്‍ഥതലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍, ചെറിയ വാചകങ്ങളില്‍ ഉത്തരം. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം” എന്നായിരുന്നു മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
