രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസയുമായി മമ്മൂട്ടി

കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസകളുമായി നടൻ മമ്മൂട്ടി. രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് വെറും ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു എന്നും സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നതാണ് തന്റെ വിശ്വാസമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

“ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആശങ്കകൾ… സമയത്ത് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ… ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇനി അറുതിയാകുകയാണ്.

എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു. അരൂക്കുറ്റിയും വടുതലയും പെരുമ്പളവും ഒക്കെ ഇപ്പോൾ ഒരേ നാടായി മാറുന്നു. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്ന് ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ,” മമ്മൂട്ടി പറഞ്ഞു.

അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം–പാണാവള്ളി പാലം. കിഫ്ബിയിലൂടെ 106 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള സുരക്ഷിതമായ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക