എംടിയുടെ സ്വപ്ന സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ‘രണ്ടാമൂഴം’ യാഥാർഥ്യമാകുന്നു. 2026ൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് എംടിയുടെ മകൾ അശ്വതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകനായി ഋഷഭ് ഷെട്ടി എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
എംടിയുടെ ആഗ്രഹപ്രകാരം ‘രണ്ടാമൂഴം’ രണ്ട് ഭാഗങ്ങളായി ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ മണിരത്നം ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാർത്തകൾ. എന്നാൽ സമയപരിമിതികൾ മൂലം മണിരത്നം പദ്ധതിയിൽ നിന്ന് പിന്മാറിയതായും, അദ്ദേഹമാണ് ഋഷഭ് ഷെട്ടിയുടെ പേര് നിർദ്ദേശിച്ചതെന്നുമാണ് അറിയുന്നത്.
മുൻപ് ‘ഒടിയൻ’ സംവിധായകൻ ശ്രീകുമാർ മേനോനുമായി ചിത്രത്തിനായി കരാർ ഒപ്പുവെച്ചിരുന്നെങ്കിലും, പിന്നീട് ഉണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് എംടി നിയമപരമായി പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അശ്വതി വ്യക്തമാക്കിയിരുന്നു.
ഒരു വലിയ പ്രൊഡക്ഷൻ ഹൗസും, ചിത്രം ആഗോളതലത്തിൽ അവതരിപ്പിക്കാൻ കഴിവുള്ള ശക്തമായ ടീമുമാണ് ഇപ്പോൾ പദ്ധതിക്ക് പിന്നിലെന്നും അശ്വതി പറഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ ഔദ്യോഗിക ലോഞ്ച് ഒരുമിച്ച് നടത്താനാണ് ആഗ്രഹം. 2026ൽ എന്തായാലും ചിത്രം സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും അശ്വതി കൂട്ടിച്ചേർത്തു.
മഹാഭാരത കഥയെ ആധാരമാക്കിയതാണ് ‘രണ്ടാമൂഴം’. എന്നാൽ ഇതിഹാസത്തെ സാധാരണ രീതിയിൽ അവതരിപ്പിക്കുന്നതിനു പകരം, അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും, അവന്റെ നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്നതാണ് നോവലിന്റെ പ്രത്യേകത.
