പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം ലഭിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടക്കുന്ന പതിനൊന്നാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (AIFF) വേദിയിലാണ് ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത്. സംവിധായകൻ അശുതോഷ് ഗൊവാരിക്കർ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിനമായ ജനുവരി 28-ന് വൈകുന്നേരം 5.30-ന് എംജിഎം ക്യാമ്പസിലെ രുക്മിണി ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പത്മപാണി പുരസ്‌കാരം. ദേശീയ-അന്താരാഷ്ട്ര തലത്തിലെ കലാകാരന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രൊസോൺ മാളിലെ പി.വി.ആർ. ഐനോക്സ് തിയറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയങ്ങൾ തീർക്കുന്ന ഇളയരാജ 1500-ലധികം സിനിമകൾക്കായി 7000-ത്തിലേറെ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതം, നാടോടി ഈണങ്ങൾ, പാശ്ചാത്യ സിംഫണികൾ എന്നിവയെ ഒരേ സംഗീതധാരയിൽ കോർത്തിണക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണ കഴിവ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ നിരവധി ഭാഷകളിൽ ഇന്നും അദ്ദേഹത്തിന്റെ സംഗീതം ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. പുതിയ ചിത്രങ്ങളിൽ പഴയ കാലഘട്ടങ്ങളെ പുനരാവിഷ്‌കരിക്കുമ്പോൾ സംവിധായകർ പലപ്പോഴും ആശ്രയിക്കുന്നത് ഇളയരാജയുടെ ഗാനങ്ങളെയാണെന്നതും ശ്രദ്ധേയമാണ്.
അശുതോഷ് ഗൊവാരിക്കറെ കൂടാതെ നിരൂപക ലതിക പദ്ഗാവോങ്കർ, സുനിൽ സുക്തങ്കർ, ചന്ദ്രകാന്ത് കുൽക്കർണി എന്നിവരടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ പത്മപാണി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
