ഗുജറാത്തിൽ സർക്കാർ പ്രൈമറി സ്കൂളുകൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 75 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയതായി സർക്കാർ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 21 വരെ ലഭ്യമായ കണക്കുകളാണ് നിയമസഭയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികളുടെ കുറവും അധ്യാപകരുടെ ക്ഷാമവുമാണ് സ്കൂളുകൾ പൂട്ടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ധാരാളം സ്കൂളുകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു വിദ്യാർത്ഥിയും പുതുതായി ചേർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ഗോത്രവർഗ മേഖലകളായ ഖാൻപൂർ, കാവന്ത്, പോഷിന താലൂക്കുകളിലാണ് പഠനമൊഴിഞ്ഞുപോകൽ ഏറ്റവും രൂക്ഷമായിരിക്കുന്നത്. പല സ്ഥലങ്ങളിലും കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് വർഷം മുൻപുള്ള കണക്കുകൾ പ്രകാരം, ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാൻ വെറും ഒരു അധ്യാപകൻ മാത്രമുള്ള സ്കൂളുകളും സംസ്ഥാനത്തുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവ് പരിഹരിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന വിമർശനവും ഉയരുന്നു. നിലവിൽ ചില സ്കൂളുകൾ മറ്റ് സ്കൂളുകളുമായി ലയിപ്പിച്ചോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ പ്രവർത്തിക്കുന്ന നിലയിലാണ്.
