പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലംമാറ്റി. ബിജെപി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപ പിഴ ചുമത്തിയതിനു പിന്നാലെയാണ് നടപടി. ഷൈനിയെ കൗൺസിൽ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ്. നിലവിൽ കൗൺസിൽ സെക്രട്ടറിയായ പി. അനിൽകുമാറാണ് പുതിയ റവന്യൂ ഓഫീസർ.
കോർപ്പറേഷന്റെ മുൻകൂർ അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് റവന്യൂ വിഭാഗം പിഴ ഈടാക്കാൻ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ സെക്രട്ടറി ബിജെപിക്ക് നോട്ടീസ് നൽകിയത്. ബിജെപി ഭരണത്തിലുള്ള നഗരസഭയിൽ തന്നെ പാർട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് ലക്ഷങ്ങൾ പിഴ ചുമത്തിയത് ശക്തമായ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
റവന്യൂ ഓഫീസറിനൊപ്പം മറ്റ് ചില ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റമുണ്ട്. ചട്ടങ്ങൾ ലംഘിച്ച് 23 വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന ബിജെപി ആരോപണം നേരിട്ട ഇടത് യൂണിയൻ നേതാവും റവന്യൂ ഇൻസ്പെക്ടറുമായ പി. സുരേഷ് കുമാറിനെ ആറ്റിപ്ര സോണൽ ഓഫീസിലേക്ക് മാറ്റി. പൊതുഭരണ വിഭാഗം സൂപ്രണ്ട് ആർ. സി. രാജേഷ് കുമാറിനെയും തിരുവല്ലം സോണൽ ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്.
