എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിൽ നിന്നുണ്ടായ വിശാലമായ ചാരമേഘങ്ങൾ ചൈനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. അഫാർ മേഖലയിലുള്ള ഈ സ്ഫോടനത്തെ തുടർന്ന് സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ കനത്ത ചാരപ്പാളിയിൽ മൂടപ്പെട്ടു.
സ്ഫോടനത്തെ തുടർന്ന് എർത അലെ മേഖലയിലും അഫ്ദെറ പട്ടണത്തിലും ചെറിയ ഭൂചലനങ്ങളും അനുഭവപ്പെട്ടു. തുടർന്ന് ഉയർന്ന ചാരമേഘങ്ങൾ സമീപ പ്രദേശങ്ങളിലേക്കും അതിന് പുറത്തേക്കും പടർന്നു. അഗ്നിപർവത സ്ഫോടനത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വടക്കൻ ഇന്ത്യയിലേക്കും ചാരമേഘങ്ങൾ എത്തി, ദില്ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരത്തെ തന്നെ ഗുരുതരമായിരുന്ന വായുമലിനീകരണം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക ഉയർന്നു. ലഭ്യമായ വിവരങ്ങൾ പ്രകാരം വൈകുന്നേരം ഏഴരയോടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പിന്നോട്ടു നീങ്ങിത്തുടങ്ങും.
ചാരമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതോടെ കൊച്ചി ഉൾപ്പെടെ നിരവധി വിമാനസർവീസുകൾ റദ്ദാക്കേണ്ടിവന്നു. സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കും രാജ്യത്തെ വിമാനത്താവളങ്ങൾക്കും അധിക ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ന് മാത്രം നാല് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.
