ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മാണം സ്വപ്നം കാണുന്നവര്‍ രാജ്യത്തെ നിയമം പാലിക്കണമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ബരാബങ്കിയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് യോഗിയുടെ പരാമര്‍ശം. “ബാബരി മസ്ജിദ് പുനര്‍നിര്‍മ്മാണം സ്വപ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളൂ, അങ്ങനൊരു ദിവസം ഒരിക്കലും ഉണ്ടാകില്ല. അത് നടക്കാത്ത കാര്യമാണ്. രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കാന്‍ പഠിക്കൂ. നിയമം ലംഘിക്കുന്നവരുടെ വഴി നരകമായിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും അവര്‍ രാമദ്രോഹികളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 1990 നവംബറില്‍ ബാബരി മസ്ജിദ് പൊളിക്കാനായി അയോധ്യയിലേക്ക് പോയ ‘കര്‍സേവകര്‍ക്ക്’ നേരെ ഉത്തര്‍പ്രദേശ് പൊലീസ് വെടിയുതിര്‍ത്ത സംഭവത്തെ പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
