ജമാഅത്തെ ഇസ്ലാമിയെ 70 സീറ്റില്‍ ഒതുക്കി ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്

ബംഗ്ലാദേശിൽ വൻ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക് തിരിച്ചെത്തി. ഏകദേശം രണ്ടു പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി വീണ്ടും ഭരണം കൈവരിക്കുന്നത്. വോട്ടെടുപ്പ് നടന്ന 299 സീറ്റുകളിൽ 212 എണ്ണം കരസ്ഥമാക്കി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ പാർട്ടി വിജയിച്ചത്.

ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുര്‍ റഹ്മാൻറഹ്മാന്റെയും മകനും ബിഎൻപി ചെയർമാനുമായ താരിഖ് റഹ്മാൻ (60) രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അദ്ദേഹം ഇരുവിടത്തും വിജയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച താരിഖ് റഹ്മാൻ, ബിഎൻപി ഉടൻ സർക്കാർ രൂപീകരിക്കുമെന്ന് അറിയിച്ചു.

17 വർഷത്തെ വിദേശവാസത്തിന് ശേഷം 2025 ഡിസംബറിലാണ് അദ്ദേഹം ബംഗ്ലാദേശിൽ തിരിച്ചെത്തിയത്.
മുഖ്യപ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് 70 സീറ്റുകളാണ് ലഭിച്ചത്. ‘വിവേചനത്തിനെതിരേ വിദ്യാർത്ഥികൾ’ എന്ന പ്രക്ഷോഭത്തിൽ നിന്നുയർന്ന നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) ജമാഅത്തെ മുന്നണിയിലെ പ്രധാന ഘടകമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കപ്പെട്ടിരുന്നു.

ഭരണഘടനാ പരിഷ്‌കരണങ്ങൾ ഉൾക്കൊള്ളുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഹിതപരിശോധനയിൽ 72.9 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. 27.1 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി. ഭാവിയിൽ ഏകാധിപത്യ പ്രവണതകൾ തടയുന്നതിന് ലക്ഷ്യമിട്ട് മുഹമ്മദ് യൂനസ് നിർദേശിച്ച പരിഷ്‌കരണ ചാർട്ടറിലാണ് ജനഹിതം തേടിയത്.

‘ഡാർക്ക് പ്രിൻസ്’ എന്നറിയപ്പെടുന്ന താരിഖ് റഹ്മാൻ ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെയും ബിഎൻപിയെയും അഭിനന്ദിച്ച് നരേന്ദ്ര മോദി സന്ദേശം നൽകി. ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും, ഇരുരാജ്യങ്ങളുടെയും ബഹുമുഖ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ബിഎൻപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചു.

മറുപടി രേഖപ്പെടുത്തുക