എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയായ കോട്ടയം സ്വദേശി വിഷ്ണുവിനെ ഹൈക്കോടതി വെറുതെ വിട്ടു. പണം നൽകി പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്ന് ലഹരി നൽകി അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിലാണ് നടപടി. പ്രതിക്കുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ഹാജരായി.
മണ്ണാർക്കാട് സ്വദേശി അക്ബർ അലി നടത്തിപ്പുകാരനായി പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഉത്തരേന്ത്യക്കാരായ യുവതികളുൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള വാടകവീട്ടിൽ നിന്നാണ് കടവന്ത്ര പൊലീസ് ആറു യുവതികളടക്കം പ്രതികളെ പിടികൂടിയത്.
ഓൺലൈൻ ആപ്പുകൾ വഴി ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമീപിക്കുന്നവർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയച്ച് പിന്നീട് ഇവരെ കേന്ദ്രത്തിലേക്ക് എത്തിക്കുമായിരുന്നു. ഇടപാടിൽ 750 രൂപ വീതം കമ്മീഷൻ ലഭിച്ചിരുന്നുവെന്നും, 1000 മുതൽ 1500 രൂപ വരെയായിരുന്നു യുവതികൾക്ക് നൽകപ്പെട്ടിരുന്ന പ്രതിഫലമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അക്ബർ അലി പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ലഹരി നൽകി അനാശാസ്യ പ്രവർത്തനങ്ങളിലേക്ക് നയിച്ചിരുന്നുവെന്നാണ് പൊലീസ് ആരോപണം. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണ്. പാലക്കാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലും അക്ബർ പ്രതിയാണെന്ന വിവരവും പുറത്തുവന്നു.
ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് അക്ബർ അലിയെ ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എറണാകുളം സൗത്തിലെ വാടകവീട്ടിലെ അനാശാസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്ന പേരിലാണ് വീട് വാടകയ്‌ക്ക് എടുത്തിരുന്നത്. വീടിന്റെ മുൻവശത്തെ ടീ സ്റ്റാളിന്റെ മറവിലാണ് പ്രവർത്തനം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെയാണ് റാക്കറ്റ് പുറത്തുവന്നത്. കേസിലെ മറ്റ് പ്രതികൾക്കെതിരായ നടപടികൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
