വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; പുനർജനി ഫണ്ട് സമാഹരണത്തിൽ ക്രമക്കേട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകളും എഫ്‌സിആർഎ നിയമ ലംഘനങ്ങളും കണ്ടെത്തിയതായാണ് റിപ്പോർട്ട്.

സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ അനുമതി നേടി വിദേശത്ത് പോയ ശേഷം ഫണ്ട് ശേഖരിക്കുകയും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തതിൽ നിയമലംഘനം ഉണ്ടായതായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. എഫ്‌സിആർഎ നിയമം, 2010 ലെ സെക്ഷൻ 3(2)(a) പ്രകാരമാണ് സിബിഐ അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.

‘മണപ്പാട്ട് ഫൗണ്ടേഷൻ’ എന്ന പേരിൽ രൂപീകരിച്ച സ്ഥാപനത്തിലേക്ക് യുകെയിൽ നിന്നു 22,500 പൗണ്ട് (ഏകദേശം 19.96 ലക്ഷം രൂപ) സമാഹരിച്ചതായും, യുകെ ആസ്ഥാനമായ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് വഴിയാണ് പണം എഫ്‌സിആർഎ അക്കൗണ്ടിലേക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ നടത്തിയ പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകൾക്കായി നെയ്ത്ത് യന്ത്രം വാങ്ങുന്നതിന് 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോയും വിജിലൻസ് പരിശോധിച്ചതായി വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക