രാഹുലിന്റെ സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം: മന്ത്രി വി ശിവൻകുട്ടി

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയെ തുടർന്ന് കോൺഗ്രസിന്റെ നിലപാട് ഒളിച്ചുകളിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. രാഹുലിനെതിരായ പരാതി അതീവ ഗുരുതരമാണെന്നും ഇത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് നേതൃം മാധ്യമങ്ങളിൽ പ്രഖ്യാപിച്ചതാണ്, എന്നാൽ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ‘നാടകം’ മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയും കോൺഗ്രസിന്റെ കപട നാടകവും
കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് ഉയർന്നു വന്നിരിക്കുന്ന പരാതി അതീവ ഗുരുതരമാണ്. ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണ്.

ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണ്. രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് കോൺഗ്രസ് നേതൃത്വം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

സസ്‌പെൻഷൻ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോൺഗ്രസിന്റെ ഔദ്യോഗിക വേദികളിലും, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതാക്കൾ, സ്വന്തം എം.എൽ.എയ്ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടർമാരോടും കാണിക്കുന്ന വെല്ലുവിളിയാണ്.

മറുപടി രേഖപ്പെടുത്തുക