രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിൽ നിന്നും ബിജെപിക്ക് 30 കോടി രൂപ സംഭാവന; റിപ്പോർട്ട് പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ Allanasons Private Limited ബിജെപിക്ക് റെക്കോർഡ് തുക സംഭാവന നൽകിയതായി റിപ്പോർട്ട്. Scroll.in എന്ന ഓൺ ലൈൻ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024-25 കാലയളവിൽ ബിജെപിയ്ക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നൽകിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ അടിസ്ഥാനമാക്കി റിപ്പോർട്ട് പറയുന്നത്.

2018ന് ശേഷം ആദ്യമായാണ് സ്ഥാപനത്തിന്റെ വാർഷിക വരുമാനം 10,000 കോടിയിലധികം രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ നൽകിയതിൽവെച്ച് ഏറ്റവും ഉയർന്ന സംഭാവനയും 30 കോടി രൂപയാണെന്നാണ് വിവരം. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സംതൃപ്തരായാണ് സംഭാവന നൽകിയതെന്ന നിലപാടിലാണ് സ്ഥാപന അധികൃതർ.

സുസ്ഥിര വളർച്ചയ്ക്കായി പോസിറ്റീവായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വികസിത ഭാരതത്തിന്റെ മുന്നേറ്റത്തിനായി സംഭാവന നൽകിയതാണെന്നും അല്ലാന ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫൗസാൻ അലവി സ്‌ക്രോളിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സർക്കാരും മാംസ വ്യവസായവും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

അല്ലാന ഗ്രൂപ്പിന്റെ പ്രധാന മാംസ സംസ്‌കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന യുപി പോലുള്ള സംസ്ഥാനങ്ങളിൽ ഇറച്ചി വിതരണ ശൃംഖലയിൽ പ്രതിസന്ധികൾ നേരിട്ടതായി റിപ്പോർട്ടിൽ പറയുന്നു. ബീഫ് കടത്തുന്നു എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ ഇറച്ചി വ്യാപാരികൾക്ക് നേരെ ആക്രമണം നടത്തിയതും, അതിൽ പ്രധാനമായും മുസ്ലിം സമൂഹാംഗങ്ങൾ ഇരയായതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏകദേശം 100 സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 2,000 കോടിയുടെ നികുതി വെട്ടിച്ചുവെന്നാരോപിച്ചാണ് നടപടി. എന്നാൽ ഇതിനെക്കുറിച്ച് സ്ഥാപനം ഔദ്യോഗിക പ്രതികരണം നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായും, അതേ വർഷം ഏഴ് കോടിയുടെ ബോണ്ടുകൾ സ്വന്തമാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ഇക്കാലയളവിൽ ശിവസേനയ്ക്ക് അഞ്ച് കോടിയും ബിജെപിക്ക് രണ്ട് കോടിയും സംഭാവനയായി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക