ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം

യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഗൾഫ് മേഖലയിലേക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടത്.

യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ എന്നിവിടങ്ങളിലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നതെന്നാണ് വിവരം. അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ഏഷ്യൻ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ദുബായിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ആകാശത്ത് തീഗോളങ്ങൾ ദൃശ്യമാണായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

അതേസമയം, ബഹ്റൈൻ നേരിട്ട ആക്രമണത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ബഹ്റൈൻ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. സംഘർഷ പശ്ചാത്തലത്തിൽ ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ വ്യോമപാതകൾ താത്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇയിൽ സുരക്ഷ ശക്തമാക്കി. അബുദാബിയിലും ദുബായിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദുബായിലെ പ്രശസ്തമായ ബുർജ് ഖലീഫ പൂർണമായും ഒഴിപ്പിച്ചു. സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കപ്പെടുകയാണ്.

മറുപടി രേഖപ്പെടുത്തുക