കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകാൻ സാധ്യത

എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വന്തം തട്ടകമായ ആലപ്പുഴ മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക എന്നതാണ് സൂചന. ഇതിന് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയതായും അറിയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലവും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ എഐസിസിക്ക് സമഗ്രമായ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചാൽ യുഡിഎഫിന് വലിയ നേട്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ സംസ്ഥാനത്ത് നിലവിലുള്ള ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന സൂചനയും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നു.

കഴിഞ്ഞ ഏകദേശം ഒരു മാസമായി ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും കെ.സി. വേണുഗോപാൽ സജീവമായി പ്രവർത്തിക്കുന്നതും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിനുള്ള സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി വൻ വിജയം നേടുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.

എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശം സൃഷ്ടിച്ചെന്നും ജനങ്ങളിലെ പ്രതീക്ഷ ശക്തിപ്പെടുത്താൻ അത് സഹായിച്ചതായും കെ.സി. വേണുഗോപാൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക