പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ശക്തമായി തള്ളി. വി. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരായ നീക്കം യാദൃച്ഛികമല്ല; വി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയതായും രാഗേഷ് ആരോപിച്ചു.
2022 ഏപ്രിലിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിച്ച വിഷയങ്ങളാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കാട്ടുന്നതെന്നും, അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെത്തിയ വ്യക്തിയാണ് കുഞ്ഞികൃഷ്ണനെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കിനായി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ടി.ഐ. മധുസൂദനനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ബാങ്കുമായി ബന്ധപ്പെട്ട് മധുസൂദനന് യാതൊരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും, പിന്നെന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഗേഷ് ചോദിച്ചു.
കുഞ്ഞികൃഷ്ണനെതിരെ അന്ന് പാർട്ടി നടപടി എടുത്തത് ജില്ലാ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചതിനല്ല, മറിച്ച് ആ കാര്യങ്ങൾ മാധ്യമങ്ങളിലേക്ക് ചോർത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ചോർച്ചയുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ പാർട്ടിയുടെ കൈവശമുണ്ടെന്നും, സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമായ ഒരാൾ തന്നെ ഇത് ദീർഘകാലമായി ചെയ്തുവെന്ന് സമ്മതിച്ചതായും രാഗേഷ് വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ നിന്ന് ഇത്തരം നടപടികൾ സ്വീകരിച്ചതോടെ കുഞ്ഞികൃഷ്ണൻ കമ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് മാറിയെന്നും, അന്നും പരമാവധി താക്കീതും ശാസനയും മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആ സംഭവങ്ങൾക്ക് ശേഷം ആറുമാസത്തോളം മൗനം പാലിച്ചയാൾ ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും രാഗേഷ് വിമർശിച്ചു.
ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിലിന് പിന്നിലെന്നും, അദ്ദേഹത്തിന്റെ യശസ് കളങ്കപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെ. കെ. രാഗേഷ് ആരോപിച്ചു.
