മെറ്റ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു; കാരണം വ്യക്തമല്ല

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് മെറ്റ (Meta) മരവിപ്പിച്ചു. ഈ നടപടിക്ക് പിന്നിലെ കാരണം ഇതുവരെ മെറ്റ വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ ഇ-മെയിലോ മറ്റ് അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്നും ദേശാഭിമാനി അറിയിച്ചു.

മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും പത്രം വ്യക്തമാക്കി. ഇന്ത്യ–അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും അമേരിക്കയെയും തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി ഉണ്ടായതെന്ന സംശയവും ദേശാഭിമാനി ഉന്നയിക്കുന്നു.

വ്യാപാര കരാര്‍ മൂലം കര്‍ഷകരും വ്യവസായ മേഖലയും നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, ഇന്ത്യ അമേരിക്കയ്ക്ക് രാഷ്ട്രീയമായി കീഴടങ്ങുന്നുവെന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായും ദേശാഭിമാനി വിശദീകരിച്ചു.

ഇതിനിടെ, ദേശാഭിമാനി പുതിയൊരു ഇന്‍സ്റ്റഗ്രാം പേജ് താത്ക്കാലികമായി ആരംഭിച്ചിട്ടുണ്ട്. നിരവധി പോസ്റ്റുകളും വലിയൊരു ഫോളോവര്‍ അടിസ്ഥാനവും ഉണ്ടായിരുന്ന പഴയ പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പത്രം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക