മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്; മന്ത്രി സജി ചെറിയാനെതിരെ എം എം മണി

മന്ത്രി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി എംഎൽഎ രംഗത്തെത്തി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന ചടങ്ങിനിടയിലാണ് എം. എം. മണി തന്റെ അസന്തോഷം തുറന്ന് പ്രകടിപ്പിച്ചത്.

പ്രസംഗം പൂർണ്ണമായി അവസാനിപ്പിക്കാതെയും ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തുനിൽക്കാതെയും അദ്ദേഹം വേദി വിട്ടിറങ്ങിയത് പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു.

മന്ത്രി നേരിട്ട് എത്താതെ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചതാണ് എം. എം. മണിയെ അസ്വസ്ഥനാക്കിയത്. “മന്ത്രിയായാലും ഇങ്ങനെ പണി കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്ന വിമർശനം. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും, പൊതുപരിപാടിയായതിനാലാണ് കൂടുതൽ കടുപ്പിച്ച് സംസാരിക്കാതിരുന്നതെന്നും എം. എം. മണി വ്യക്തമാക്കി. ഇനി മുതൽ ഇത്തരത്തിലുള്ള പരിപാടികൾക്ക് തന്നെ ക്ഷണിക്കരുതെന്ന കർശന മുന്നറിയിപ്പും അദ്ദേഹം നൽകി.

മറുപടി രേഖപ്പെടുത്തുക