കേരളത്തിൽ ‘നേറ്റിവിറ്റി കാർഡ്’: സ്ഥിരതാമസവും ജന്മാവകാശവും തെളിയിക്കാൻ നിയമബലം ഉള്ള പുതിയ തിരിച്ചറിയൽ രേഖ

കേരളത്തിൽ പുതിയ വ്യക്തിഗത തിരിച്ചറിയൽ രേഖയായ ‘നേറ്റിവിറ്റി കാർഡ്’ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഫോട്ടോ പതിപ്പിച്ച ഈ കാർഡ്, ഒരാൾ കേരളത്തിൽ ജനിച്ചയാളാണോ സ്ഥിരതാമസക്കാരനാണോ എന്നത് ഔദ്യോഗികമായി തെളിയിക്കുന്ന നിയമപരമായ രേഖയായിരിക്കും.

നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഓരോ തവണയും നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഒരിക്കൽ ലഭിച്ചാൽ ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്നതും നിയമപരമായ സാധുതയുള്ളതുമായ തിരിച്ചറിയൽ രേഖയായിരിക്കും നേറ്റിവിറ്റി കാർഡ്.

ഒരാളും സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന ആശയത്തിലാണ് സർക്കാർ ഈ നീക്കം. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും വിവിധ സാമൂഹിക ആവശ്യങ്ങൾക്കും ഈ കാർഡ് ഔദ്യോഗികമായി ഉപയോഗിക്കാനാകും. നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് മതിയായ നിയമപ്രാബല്യം ഇല്ലാത്തതിനാൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്.

നേറ്റിവിറ്റി കാർഡുകളുടെ വിതരണം തഹസിൽദാർമാർക്കായിരിക്കും. കാർഡിന് നിയമപരമായ സാധുത ഉറപ്പാക്കുന്നതിനായി കരട് നിയമം തയ്യാറാക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ചതിന് ശേഷം ഇത് വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.

സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന ഈ കാർഡ്, ഭരണരംഗത്തെ ഒരു വലിയ ഡിജിറ്റൽ പരിഷ്കാരമായിരിക്കും. സാധാരണക്കാരുടെ അസ്തിത്വം ഉറപ്പാക്കുന്നതിനൊപ്പം ചുവപ്പുനാടകളാൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക