ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാകുന്ന 46-കാരനായ നിതിൻ നബീന്റെ നിയമനം അപ്രതീക്ഷിതമായ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് തെരഞ്ഞെടുത്തത്.
നിലവിൽ വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുന്ന നിതിൻ നബീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നേതൃത്വത്തിൽ ഈ മാറ്റം വരുന്നത്.
ആർഎസ്എസിൽ പത്ത് വർഷത്തിലധികം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നിതിൻ നബീൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2006-ൽ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ബിഹാർ മന്ത്രിസഭയിലും അംഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകൾ വിജയകരമായി നിർവഹിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ.
