ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല: ഷാഫി പറമ്പിൽ

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പ്രവർത്തനങ്ങളെ തള്ളിക്കളയാതെ കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍ പ്രതികരിച്ചു. കനഗോലു എഐസിസിക്ക് ആവശ്യമായ അസിസ്റ്റൻസ് മാത്രമാണ് നൽകുന്നതെന്നും, പാർട്ടിയുടെ നയനിർണ്ണയത്തിൽ അദ്ദേഹം മേൽക്കോയ്മ പുലർത്തുന്നില്ലെന്നും ഷാഫി വ്യക്തമാക്കി.

കനഗോലു പ്രത്യേക പരീക്ഷണങ്ങൾ ഒന്നും കേരളത്തിൽ നടത്തുന്നില്ലെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസ് ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും പാർട്ടി മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ നിലപാടുകളും കോൺഗ്രസും യുഡിഎഫും ചേർന്നാണ് ആലോചിച്ച് തീരുമാനിക്കുന്നത്. ഒരാളെ മേൽസ്ഥാപിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എൽഡിഎഫ് സർക്കാർ പൂർണമായും പിആർ അധിഷ്ഠിത ഭരണമായി മാറിയെന്നും ഷാഫി ആരോപിച്ചു. കിഫ്ബി പോലുള്ള സംവിധാനങ്ങൾ പോലും പരസ്യപ്രചാരണത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്ന് വിമർശിച്ച അദ്ദേഹം, ഉയർന്ന പലിശയ്ക്ക് വായ്പ എടുത്ത പണം പരസ്യത്തിനായി ചെലവഴിക്കുന്നത് ഗുരുതരമായ വിഷയമാണെന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി നടത്തിയ അഭിമുഖത്തെക്കുറിച്ചും ഷാഫി പ്രതികരിച്ചു. മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തതിനെ പരിഹസിച്ച അദ്ദേഹം, ആരാണ് അഭിമുഖം ചെയ്യുന്നതെന്നത് പ്രശ്നമല്ലെന്നും ഇത്തവണ സർക്കാരിനെ രക്ഷിക്കാൻ അത് സഹായകരമാകില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. ജനങ്ങൾ സ്വന്തം വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക