പദ്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മൂന്ന് പത്മ പുരസ്‌കാരങ്ങൾ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കരുതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ അംഗീകരിക്കുന്നുവെങ്കിലും മറ്റ് പുരസ്‌കാരങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദുരുദ്ദേശങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ സിപിഐഎം പ്രവേശനം സംബന്ധിച്ച പ്രചാരണങ്ങൾക്കും മുരളീധരൻ മറുപടി നൽകി. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന തരൂരിനെപ്പോലുള്ള നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ളവർ വിശ്വസിക്കില്ലെന്നും സിപിഐഎം ഒരു മുങ്ങാൻ പോകുന്ന കപ്പലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിൽ തരൂരിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും പാർട്ടി അത് ഗൗരവത്തോടെ കാണുമെന്നും, രണ്ട് ദിവസത്തിനകം രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
