പഹൽഗാം ഭീകരാക്രമണ കേസിൽ ഭീകരർ ഉപയോഗിച്ച GoPro Hero 12 Black ക്യാമറയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം രാജ്യാന്തര തലത്തിലേക്ക് നീങ്ങുന്നു. ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ക്യാമറ (സീരിയൽ നമ്പർ: C3501325471706) 2024 ജനുവരി 30-ന് ചൈനയിലാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എൻ.ഐ.എ കണ്ടെത്തി. ഗോ പ്രൊ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം ലഭിച്ചത്. എന്നാൽ ക്യാമറ ആര്ക്കാണ് വിറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നു.
ക്യാമറയുടെ വിതരണ ശൃംഖലയും അത് വാങ്ങിയ വ്യക്തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ജമ്മു കോടതിയിലൂടെ ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ‘ലെറ്റർ റൊഗേറ്ററി’ പുറപ്പെടുവിച്ചു. ഭീകരരുടെ നീക്കങ്ങൾ, ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണങ്ങൾ, പ്രവർത്തന രീതി എന്നിവ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണായകമാണെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിനുള്ള ഔദ്യോഗിക അഭ്യർത്ഥനയായാണ് ലെറ്റർ റൊഗേറ്ററി കൈമാറിയിരിക്കുന്നത്.
