കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ ; പരാതിക്കാരിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്ന് പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും, ക്രൈംബ്രാഞ്ചും എസ്‌ഐടിയും ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു എംഎൽഎ കുടുംബപ്രശ്നത്തിൽ ഇടപെടുമ്പോൾ ഇരുകക്ഷികളെയും വിളിക്കേണ്ടതുണ്ടെങ്കിലും, തന്നെ ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയെ ഗർഭിണിയാക്കിയതും ഗർഭഛിദ്രം നടത്തിയതുമെന്ന ആരോപണങ്ങൾ തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നതായും, കേരളത്തിലെ ഒരു എംഎൽഎ തന്റെ കുടുംബം തകർത്തതായും അദ്ദേഹം പറഞ്ഞു. യുവതിയുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവന്നതോടെ തന്റെ ഐഡന്റിറ്റിയും വെളിപ്പെട്ടുവെന്നും പരാതിക്കാരിയുടെ ഭർത്താവ് കൂട്ടിച്ചേർത്തു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി ക്ഷണപത്രം അച്ചടിച്ച് നടത്തിയ വിവാഹമായിരുന്നുവെന്നും, വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ കോടതിയിൽ എല്ലാ വിവരങ്ങളും ബോധ്യപ്പെടുത്തുമെന്നും, ആവശ്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരിയുടെ ഭർത്താവ് വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിതയുടെ ഭർത്താവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കുടുംബജീവിതം തകർന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ, രാഹുലിനെതിരെ BNS 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക