തിരുവനന്തപുരം–കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ദില്ലിയിൽ ആർആർടിഎസ് (RRTS) നടപ്പാക്കിയതിൽ തനിക്ക് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം സൃഷ്ടിച്ചതായും ആർആർടിഎസ് സാങ്കേതികമായി കേരളത്തിൽ നടപ്പാക്കാൻ സാധ്യമല്ലെന്നും ശ്രീധരൻ വിമർശിച്ചു.
അതിവേഗ റെയിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണെന്നും അതാണ് സംസ്ഥാന സർക്കാരിന്‍റെ പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ആർആർടിഎസ് പദ്ധതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിവേഗ റെയിൽ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പറഞ്ഞു. ആർആർടിഎസിനും അതിവേഗ റെയിലിനും വേഗതയിൽ വലിയ വ്യത്യാസമുണ്ടെന്നും, അതിവേഗ റെയിലിന് 135 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാരിന്റെ സഹായം ആവശ്യമുണ്ടെങ്കിലും അപ്പോഴേക്കും ആരാണ് അധികാരത്തിൽ ഉണ്ടാവുക എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർആർടിഎസിന് പകുതി വേഗത മാത്രമേ ലഭിക്കൂ, അതിനാൽ യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ ഇല്ലാതാക്കിയത് താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ഇ. ശ്രീധരൻ ആരോപിച്ചു.
