ഊർജ്ജ പ്രതിസന്ധിയിൽ ക്യൂബയ്ക്ക് റഷ്യൻ പിന്തുണ പരിഗണനയിൽ

വലിയ ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് സാധ്യമായ പിന്തുണാ നടപടികൾ പരിഗണിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദവും വിതരണക്കാരെതിരായ നിയന്ത്രണങ്ങളും ക്യൂബയിലേക്കുള്ള എണ്ണവിതരണം ഗണ്യമായി കുറച്ചിരിക്കുകയാണ്. ബുധനാഴ്ച സ്റ്റേറ്റ് ഡുമയ്ക്ക് സർക്കാരിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൊവാക്.

റഷ്യ–ക്യൂബ വ്യാപാര, സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട അന്തർ സർക്കാർ കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും, വിവിധ നിർദ്ദേശങ്ങൾ കാബിനറ്റ് തലത്തിൽ ചർച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ധന ക്ഷാമവും വൈദ്യുതി തടസ്സവും രൂക്ഷമായ സാഹചര്യത്തിൽ ക്യൂബൻ സർക്കാർ അടിയന്തര നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് . സർക്കാർ സ്ഥാപനങ്ങളിൽ ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി സമയം, ഇന്ധന വിൽപ്പനയ്ക്ക് പരിധി, പ്രവിശ്യകൾക്കിടയിലെ ബസ്-റെയിൽ സർവീസുകൾ വെട്ടിക്കുറയ്ക്കൽ, ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടൽ എന്നിവ ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

പ്രതിസന്ധി കൂടുതൽ വഷളായതിനെ തുടർന്ന് ഒരു മാസത്തേക്ക് വ്യോമയാന ഇന്ധന വിതരണം നിർത്തിവയ്ക്കുമെന്ന് അധികൃതർ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഇതോടെ ദ്വീപിൽ നിന്ന് ദീർഘദൂര സർവീസുകൾ നടത്തുന്ന വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്ക്കേണ്ട സാഹചര്യം രൂപപ്പെട്ടിരുന്നു.

മറുപടി രേഖപ്പെടുത്തുക