ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം; ‘രാഷ്ട്രീയ ഇസ്ലാം മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു’

ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. ‘രാഷ്ട്രീയ ഇസ്ലാം’ എന്ന വിചാരധാര മുസ്ലീം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴിതെറ്റിക്കുന്നുവെന്നതാണ് പ്രമേയത്തിന്റെ മുഖ്യആശയം. കാസർഗോഡിൽ നടന്ന സമ്മേളനത്തിലാണ് മതരാഷ്ട്രവാദത്തിനും പാൻ-ഇസ്ലാമിക് തീവ്രചിന്താഗതികൾക്കുമെതിരെ സമസ്ത പ്രമേയം പാസാക്കിയത്.

ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത് വ്യക്തികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി സമസ്ത ചൂണ്ടിക്കാട്ടി. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും ‘രാഷ്ട്രീയ ഇസ്ലാം’ എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലീം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മൗദൂദിസ്റ്റ് ചിന്താധാരകൾ ഗുരുതര വെല്ലുവിളിയാണെന്നും പ്രമേയത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമിയെ പൂർണമായും നിരോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. യുവാക്കളെ ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്ലാമി ക്യാമ്പെയ്ൻ നടത്തുന്നതായും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക