ഉന്നാവോ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത സിബിഐക്ക് പരാതി നൽകി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പരാതി നൽകിയത്.
അതേസമയം, ഉന്നാവോ കേസിൽ സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവ് വികൃതവും നിയമവിരുദ്ധവുമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയിലുള്ള മൂന്ന് ആൾജാമ്യവും ഹാജരാക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം. 2017ൽ കുൽദീപ് സിംഗ് സെൻഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടരും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ്.
