യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റൽ; എതിർപ്പ് അറിയിച്ച് ദക്ഷിണകൊറിയ

മിഡിൽ ഈസ്റ്റിലേക്ക് തങ്ങളുടെ രാജ്യത്തുള്ള യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ പുനർവിന്യസിക്കുന്നതിനെതിരെ ദക്ഷിണകൊറിയ എതിർപ്പ് രേഖപ്പെടുത്തി. ഇറാൻ- ഇസ്രായേൽ സംഘർഷവും മേഖലയിൽ അമേരിക്കൻ സൈനിക ആസ്തികൾക്ക് നേരെയുണ്ടായ പ്രതികാര ഭീഷണികളും ശക്തമായ സാഹചര്യത്തിലാണ് യുഎസ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ മാറ്റുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചില വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ ഇന്റർസെപ്റ്റർ മിസൈലുകളുടെ സംഭരണം അപകടകരമായ നിലയിലേക്ക് താഴ്ന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ഈ വിഷയത്തിൽ പ്രതികരിച്ചു. ദക്ഷിണകൊറിയയിലെ പ്രധാന യുഎസ് വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ ഒസാൻ എയർ ബേസിൽ നിലയുറപ്പിച്ചിരുന്ന ചില അമേരിക്കൻ ആയുധങ്ങൾസൗദിയിലും യു എ ഇയിലുമുള്ള യുഎസ് താവളങ്ങളിലേക്ക് മാറ്റിയിരിക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരാഴ്ചയായി യുഎസ് സൈനിക ഗതാഗത വിമാനങ്ങൾ ഈ താവളത്തിലേക്ക് എത്തുകയും മടങ്ങുകയും ചെയ്യുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ആണവായുധ ശേഷിയുള്ള വടക്കൻ കൊറിയയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണകൊറിയയും യുഎസും തമ്മിൽ പതിറ്റാണ്ടുകളായി സുരക്ഷാ സഹകരണം നിലനിൽക്കുന്നുണ്ട് . ഈ കരാറിന്റെ ഭാഗമായി ഏകദേശം 28,000 അമേരിക്കൻ സൈനികർ ദക്ഷിണകൊറിയയിൽ വിന്യസിച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക