തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കാൻ സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് നടനും ടിവികെ മേധാവിയുമായ വിജയ് . സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നത് പാർട്ടി നേതാക്കളുടെ ശീലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെല്ലൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുക എന്ന ആശയത്തോടെ സ്റ്റാലിൻ ഗൂഢാലോചനകൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരുകളുടെ അഴിമതിയെ ചോദ്യം ചെയ്യുന്നതിനാലാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് വിജയ് പറഞ്ഞു. സംസ്ഥാന സർക്കാർ തന്റെ പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ കാണാൻ തനിക്ക് കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ടിവികെ സർക്കാർ രൂപീകരിച്ച ശേഷം എല്ലാ ഗ്രാമങ്ങളും സന്ദർശിക്കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. എത്ര പ്രശ്‌നങ്ങൾ നേരിട്ടാലും താൻ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതിയും ക്രമക്കേടുകളും തടയുന്നതിൽ പരാജയപ്പെട്ടതിന് സ്റ്റാലിൻ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തമിഴ്‌നാട്ടിലെ ജനങ്ങളും അഴിമതി നിറഞ്ഞ സർക്കാരും തമ്മിലുള്ള യുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തിൽ ജനങ്ങൾ വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
