പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിജിപിക്ക് അതിജീവിത പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ പരാതി നൽകിയ യുവതിയാണ് പുതിയ പരാതിയും സമർപ്പിച്ചത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരള പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ സ്വന്തം സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട യുവതി, തന്നെ മാത്രമല്ല സത്യം പറയാൻ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകളെയും സംരക്ഷിക്കുമെന്ന് കേരള പൊലീസിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കുന്നു. തന്നെ അധിക്ഷേപിച്ചതായും വ്യക്തി തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടതായും സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും ആരോപിച്ച് സൈബർ സെൽ അന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടും ശ്രീനാദേവി കുഞ്ഞമ്മ വീഡിയോ പങ്കുവെച്ചിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
