ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്നും, കേസിന്റെ പരിഗണനയ്ക്കിടെ ഹൈക്കോടതി മിനി ട്രയൽ നടത്തിയത് ശരിയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തതായും, ഗർഭിണിയായിരുന്ന കാലയളവിൽ പോലും പ്രതി യാതൊരു പിന്തുണയും നൽകിയില്ലെന്നും അതിജീവിത ആരോപിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ല അബോർഷൻ ചെയ്തത്; ഭീഷണിപ്പെടുത്തിയാണ് അതിന് സമ്മതിപ്പിച്ചതെന്നും ഹർജിയിൽ പറയുന്നു.
കൂടാതെ, രാഹുൽ ഒരു സൈക്കോപാത്ത് സ്വഭാവമുള്ള വ്യക്തിയാണെന്നും, പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്നും ഹർജിയിൽ പറയുന്നു. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും പരാതിക്കാരി സുപ്രീംകോടതിയെ അറിയിച്ചു.
