കണ്ണൂരിൽ സംഘർഷാവസ്ഥ; മന്ത്രി വീണാ ജോർജ് ഐസിയുവിൽ തുടരുന്നു

കണ്ണൂരിൽ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ വലത് കഴുത്തിന് ക്ഷതമേറ്റതായും തല തിരിക്കാനാവാത്തവിധം വേദന അനുഭവപ്പെടുന്നുണ്ടെന്നും എം.വി. ജയരാജൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുകയും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുകയും ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മന്ത്രിക്കെതിരെ ഉണ്ടായതായി ആരോപിക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രതിഷേധം നടന്നതും പിന്നീട് മന്ത്രി മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുനീങ്ങിയതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

എന്നാൽ, കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കരിങ്കൊടി വീശുന്നതിനിടെ അത് മന്ത്രിയുടെ കഴുത്തിൽ തട്ടിയതാണെന്നതാണ് സി.പി.എം നിലപാട്. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. മറുവശത്ത്, സംഭവം ‘നാടകമാണ’െന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.

സംഭവത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. തലശ്ശേരിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ റീത്ത് വെച്ചതും കോടിയേരിയിലെ ഓഫീസ് തീകൊളുത്തിയതും പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

സംഘർഷം വ്യാപിക്കാതിരിക്കാൻ കണ്ണൂർ ഡി.സി.സി ഓഫീസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.

മറുപടി രേഖപ്പെടുത്തുക