ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം: എംഎ ബേബി

വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് സിപിഐഎം നേതാവ് എം. എ. ബേബി ആരോപിച്ചു. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി വെനസ്വേല സഹകരിക്കുന്നതും ആക്രമണത്തിന് കാരണമായെന്നും, ലോകം അമേരിക്കയ്ക്ക് കീഴിലാക്കുകയെന്ന ലക്ഷ്യമാണ് അവരുടെതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടും ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാൻ കഴിയുന്ന ഒരു നേട്ടം പോലും അമേരിക്കയ്ക്ക് ഇല്ലെന്നും, അതിനുള്ള മറവിയായാണ് വെനസ്വേലയെതിരെ ആക്രമണം നടത്തുന്നതെന്നും ബേബി പറഞ്ഞു. അമേരിക്ക തീവ്രവാദ സ്വഭാവമുള്ള തെമ്മാടിത്ത രാഷ്ട്രമായി മാറിയിരിക്കുകയാണെന്നും, ഇതിനെ അപലപിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ലെന്നതും അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച് ഇന്ത്യ വെനസ്വേലയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും, സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം. എ. ബേബി അറിയിച്ചു.

ഇന്ന് വെനസ്വേലയ്ക്കെതിരേ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്കെതിരെയും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയ ബേബി, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പറഞ്ഞു. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യക്കും വെനസ്വേലയ്ക്കും തമ്മിൽ പല തലങ്ങളിലായുള്ള ബന്ധങ്ങൾ നിലനില്ക്കുന്നുണ്ടെന്ന് എം. എ. ബേബി ഓർമ്മിപ്പിച്ചു. സോളാർ അലൈൻസ് രൂപീകരണത്തിൽ ഇന്ത്യയും വെനസ്വേലയും സ്ഥാപക അംഗങ്ങളായിരുന്നുവെന്നും, എണ്ണയും പ്രകൃതി വാതക ഖനന മേഖലയിൽ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ ഒഎൻജിസി വിദേശ് വെനസ്വേലയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ആക്രമണത്തെ അപലപിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ലെന്നത് രാജ്യത്തിന് അപമാനകരമാണെന്നും ബേബി കുറ്റപ്പെടുത്തി.

ഇന്ത്യ നിശബ്ദത അവസാനിപ്പിച്ചാൽ സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരകാലം മുതൽ പിന്തുടർന്ന നിലപാടുകളെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും, എന്നാൽ കാലക്രമേണ ആ നിലപാടുകൾ മങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ സമീപനം ശക്തമായി ഉയർത്തിപ്പിടിച്ച് വെനസ്വേലയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് എം. എ. ബേബി വീണ്ടും ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക