ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ സർക്കാർ വേട്ടയാടിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. തെളിവിന്റെ ഒരു ഭാഗം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സാധാരണ പൗരന് ലഭിക്കേണ്ട സംരക്ഷണം പോലും തന്ത്രിക്ക് ലഭിച്ചില്ലെന്നും സതീശൻ വിമർശിച്ചു.
സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും, അറസ്റ്റുമായി ബന്ധപ്പെട്ട് മന്ത്രിമാർ പറയുന്നത് അസത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുന്ന സാഹചര്യമുണ്ടായതായി ചൂണ്ടിക്കാട്ടിയും സതീശൻ പ്രതികരിച്ചു.
അതേസമയം, സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത് ഡാറ്റ മോഷണമാണെന്ന് ആരോപിച്ച സതീശൻ, ജീവനക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
