ശബരിമല സ്വർണക്കൊള്ള കേസിൽ വിജിലൻസ് അന്വേഷണം വന്നിട്ടും യാതൊരു ഫലവും ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒക്ടോബർ മൂന്നിന് താൻ പറഞ്ഞ നിലപാട് ആവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അന്തർധാരയുണ്ടെന്നും യഥാർത്ഥ കുറ്റക്കാരനെ കണ്ടെത്താൻ ഇരുവർക്കും താല്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
കള്ളൻ പോറ്റി സോണിയ ഗാന്ധിയുടെ ആളാണെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോൾ, മറ്റൊരുവിഭാഗം പിണറായി വിജയന്റെ ആളാണെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരാണെന്ന് കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല. കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് ദേവസ്വം മന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
കേരളം ഇതുവരെ ബിജെപി ഭരിച്ചിട്ടില്ല. കേരളം ഭരിച്ചവരാണ് ഈ കൊള്ളയ്ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ യാത്ര നടത്തിയതായും, ആർ. ശ്രീലേഖ അമ്മയ്ക്ക് അസുഖം ആയതിനാൽ പങ്കെടുക്കാനാകാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ തനിക്കൊപ്പം സംസാരിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
