വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നിരവധി ആളുകൾ മമ്മൂട്ടിക്കെതിരെ വിമർശനാത്മക പോസ്റ്റുകൾ പങ്കുവെക്കുകയാണ്.
ടൗൺഷിപ്പ് സന്ദർശനത്തിനിടയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി നടത്തിയ പ്രതികരണവും, ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയും വിവാദത്തിന് കാരണമായി.
സന്ദർശനത്തിനിടെ കെ. റഫീഖ് മമ്മൂട്ടിക്കൊപ്പം നടന്നപ്പോൾ, “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എന്റെ കൂടെ നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വൈറലായി. പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിക്കുകയും കെ. റഫീഖിന് പിന്തുണ അറിയിക്കുകയും ചെയ്ത് കമന്റുകൾ രേഖപ്പെടുത്തുന്നത്.
