അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമാകുമെന്ന് മുതിർന്ന സിപിഐ എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭ്യന്തര തർക്കങ്ങളും അധികാരമോഹവും പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കളിടയിലെ അധികാരപ്പോരാട്ടങ്ങളാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് ബാലൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. കുളം കലക്കി മീൻ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് വേണുഗോപാൽ നടത്തുന്നതെന്നും, വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും തമ്മിലടിപ്പിച്ച് മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്നുവെന്നും ബാലൻ ആരോപിച്ചു.
അവസാനം കെ.സി. വേണുഗോപാൽ കോൺഗ്രസിനെ മുഴുവൻ നശിപ്പിക്കുമെന്നും ബാലൻ വിമർശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലെ തമ്മിലടിയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ നടക്കുകയാണെന്നും, യുഡിഎഫിന് 100ലധികം സീറ്റുകൾ ലഭിക്കുമെന്ന അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ബാലൻ പരിഹസിച്ചു.
