മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ആകാംക്ഷയ്ക്കൊടുവിൽ യുവനേതാവ് അഡ്വ. വി പി അബ്ദുൽ റഷീദ്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗങ്ങളിലൊരാളായ അബ്ദുൽ റഷീദ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അബ്ദുൽ റഷീദ്, ഇടതു കോട്ടയായ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയിരുന്നു. സി.പി.എം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടെങ്കിലും വോട്ട് വിഹിതം ഗണ്യമായി ഉയർത്താൻ സാധിച്ചു. തുടർന്ന് മണ്ഡല കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ നേടുകയും ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയായ അബ്ദുൽ റഷീദ്, കണ്ണൂർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കെഎസ്യു യൂണിറ്റ് പ്രസിഡന്റായി തുടക്കം കുറിച്ച് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഇപ്പോഴത്തെ നിലയിലേക്ക് ഉയർന്നത്. കെപിസിസി അംഗമായും കാസർഗോഡ് ജില്ലയിലെ സംഘടന ചുമതലയുമുണ്ട്.
കെ. കെ. ഹംസയും മറിയവും ദമ്പതികളുടെ മകനായ അബ്ദുൽ റഷീദിന്റെ ഭാര്യ ഡോ. ഷഹലയാണ്. കുടുംബപരമായി രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് ഭാര്യയുടെ കുടുംബവും. അഞ്ച് വയസ്സുകാരനായ മുഹമ്മദ് റഷ്ദാനും ഒരു വയസ്സുകാരിയായ ഇനാറ ഫാത്തിമയുമാണ് മക്കൾ.
