ബിജെപി വഞ്ചിച്ചു; മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്

മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബി.ഡി.ജെ.എസ്. 23ന് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകളിൽ മാത്രമാണ് ബി.ഡി.ജെ.എസ് വിജയം നേടിയത്. ഈ ദയനീയ പരാജയത്തിന് കാരണം ബി.ജെ.പിയുടെ നിസ്സഹകരണമാണെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെട്ടു. ബി.ജെ.പിക്ക് ശക്തമായ സ്വാധീനം ഉള്ള പ്രദേശങ്ങളിൽ പോലും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നേറ്റം ഉണ്ടാക്കിയെന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളിൽ അസന്തോഷം ശക്തമാകുകയാണ്. എൻ.ഡി.എ വിജയം നേടിയ പല ഇടങ്ങളിലും ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പുറത്തായതാണ് അതൃപ്തിക്ക് കാരണം.

കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റ് ഉൾപ്പെടെ ബി.ഡി.ജെ.എസ് പരാജയപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബി.ഡി.ജെ.എസ് കൈവശം വച്ചിരുന്ന സിറ്റിംഗ് സീറ്റ് ബി.ജെ.പി ഏറ്റെടുത്തതോടെ, അവിടെ പരാജയം സംഭവിക്കുകയും പഞ്ചായത്ത് ഭരണം തന്നെ എൻ.ഡി.എയ്ക്ക് നഷ്ടമാവുകയും ചെയ്തു. എൻ.ഡി.എയ്ക്ക് ആധിപത്യമുണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിൽ ഇത്തവണ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ എൻ.ഡി.എയ്ക്ക് ആറ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

മറുപടി രേഖപ്പെടുത്തുക